പാലത്തായി പീഡനകേസ്; കുറ്റപത്രം സമർപ്പിച്ചു

0
27

കണ്ണൂർ:  പാലത്തായി പീഡനകേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.ഡി.വൈ.എസ്.പി രത്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത് പ്രതി പത്മരാജൻ 9 വയസ്സുകാരിയായ വിദ്യാർഥിനിയെ  പീഡിപ്പിച്ചതിന് ശാസ്ത്രീയതെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍.റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. ഏറെ വിവാദമായ കേസ് ആയിരുന്നു പാലത്തായി പീഡനം. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് ഇതുസംബന്ധിച്ച് പോലീസിന് പരാതി ലഭിക്കുന്നത്. പാനൂർ പോലീസ് അന്വേഷിച്ച കേസിൽ  പ്രതിക്ക് അനുകൂലമായിരുന്നു കണ്ടെത്തലുകൾ.  പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ ഒളിവിൽ പോവുകയും ചെയ്തിരുന്നു . ആദ്യ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.

അതിനിടെ, കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്‍റെ  ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, സർക്കാര്‍ ഇത് പരിഗണിച്ചിരുന്നില്ല.