കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന ഉത്തരവിൽ മാറ്റം വന്നേക്കാം എന്ന് സർക്കാർ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രവേശന ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തെ ആരോഗ്യസ്ഥിതി വഷളായാൽ തീരുമാനം മാറ്റിയേക്കാം എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയത്. കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണ നിരക്കിലും പുതിയ കേസുകളുടെ എണ്ണത്തിലും അഭൂതപൂർവമായ വർധനയുണ്ട്. സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാൻ രാജ്യത്തേക്ക് കൂടുതൽ അളവിൽ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനായി ആരോഗ്യ അധികൃതർ വാക്സിൻ നിർമ്മാതാക്കളുമായി ദിവസവും ആശയവിനിമയം നടത്തുന്നതായും ഉന്നതതല സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി മാധ്യമ റിപ്പോർട്ടിൽ പറയുന്നു