ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞദിവസം വെൻറിലേറ്റർലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് അദ്ദേഹം കാലം ചെയ്തത്.
മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക. സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30-നാണ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ജനനം. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ് സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.
സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.