കുവൈത്ത് സിറ്റി: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളിലെ വസ്തുതകൾ വെളിപ്പെടുത്തണമെന്ന് ആവശ്യവുമായി പാർലമെൻറ് അംഗം രംഗത്ത്. എംപി മുഹന്നദ് അൽ സയർ പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന് ഇതുസംബന്ധിച്ച് ചോദ്യങ്ങൾ കൈമാറി.
പ്രധാനമന്ത്രി ഒരു വർഷം മുമ്പ് സ്വദേശിവത്കരണം സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയതിന് ശേഷം വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കണം എന്നാണ് ആവശ്യം. പ്രസ്താവനയുടെ നിയമപരവും ഭരണപരവും സാങ്കേതികവുമായ വശങ്ങൾ, ഇക്കാര്യത്തിൽ സർക്കാർ നടത്തിയ പഠനങ്ങൾ, നടപ്പാക്കുമെന്നു പറയുന്ന മൂന്ന് ഘട്ടങ്ങൾ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ അതിൻറെ വിവരങ്ങൾ, ഈ മൂന്ന് ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള കാലയളവ് എന്നിവ സംബന്ധിച്ച് വിശദീകരിക്കണം എന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മൂന്ന് ഘട്ടങ്ങളായി പരിഹരിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ജനസംഖ്യാപരമായി അനുയോജ്യമായ അനുപാതത്തിൽ എത്തുന്നതിനായി 70 ശതമാനം സ്വദേശികളും 30 ശതമാനം പ്രവാസികളും എന്നാക്കും. പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ (പിഫ്എസ്എസ്) തീരുമാനങ്ങൾക്കെതിരെ 2019 ജനുവരി മുതൽ ഇന്നുവരെ പൗരന്മാർ സമർപ്പിച്ച കേസുകളെക്കുറിച്ച് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ ഖലീഫ ഹമദ വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു. പൗരന്മാർക്ക് അനുകൂലമായ എത്ര വിധിന്യായങ്ങൾ വന്നു, അതിൽ എത്ര വിധിന്യായങ്ങൾ നടപ്പാക്കി ഇന്ന് പരസ്യപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.