കുവൈത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ ബാഷ ഷെയ്ഖിൻ്റെ കുടുംബത്തിനായി അൽ ഖബാസ് പത്രം ധനസമാഹരണം നടത്തുന്നു

0
57

കുവൈത്ത് സിറ്റി: ഭക്ഷണ ഡെലിവറിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്
കഴിഞ്ഞ ദിവസം കുവൈത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തിന് കൈത്താങ്ങായി അല്‍ ഖബാസ് ദിനപത്രം. കുവൈത്ത് സ്വദേശിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഡെലിവറി ജീവനക്കാരനായ ബാഷ ഷെയ്ഖിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി പത്രം മുൻകൈയെടുത്ത് ധനസമാഹരണം നടത്തുന്നു.ചൊവ്വാഴ്ച മുതലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് അനുമതി തേടി സാമൂഹ്യകാര്യമന്ത്രാലയത്തിലെ സാമൂഹികവികസന വിഭാഗ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹന അല്‍ ഹജ്രിക്ക് അല്‍ ഖബാസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ കൊലപാതകം അടക്കം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന അക്രമസംഭവങ്ങളും അതിൽ ജീവൻ നഷ്ടപ്പെട്ട 4 നിരപരാധികളെ കുറിച്ചും പത്രത്തിൽ വിശദമായ വാർത്ത നൽകിയിട്ടുണ്ട്.
സാമൂഹിക സുരക്ഷയെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിച്ചുവരുന്ന അക്രമണസംഭവങ്ങള്‍ക്ക് പിന്നിലെ കാരണമെന്താണെന്ന ചോദ്യമാണ് ഇത്തരം സംഭവങ്ങള്‍ ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏപ്രിലില്‍ കൊല്ലപ്പെട്ട ഫറാ അക്ബര്‍ എന്ന യുവതി, ജൂണ്‍ 28ന് സിറിയന്‍ യുവാവ് കൊലപ്പെടുത്തിയ അബ്ദുല്‍അസീസ് അല്‍ റഷിദി എന്ന പൊലീസുകാരന്‍ എന്നിവരെക്കുറിച്ചും അല്‍ ഖബാസിന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 10 പേര്‍ കൊലപ്പെട്ടതായും, വിവിധ സംഭവങ്ങളില്‍ 500 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പകാരാണ് മിക്ക കേസുകളിലെയും പ്രതികളെന്നും അല്‍ ഖബാസ് വ്യക്തമാക്കുന്നു.