കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, ഹവല്ലി, മൈദാൻ ഹവല്ലി എന്നിവിടങ്ങളിലെ സുരക്ഷാ പരിശോധനകൾ നടന്നു. വ്യാവസായിക മേഖലകളിലെ വർക്ക്‌ഷോപ്പുകളുടെ നിയമലംഘനം സംബന്ധിച്ച് ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ ഫീൽഡ് കാമ്പെയ്‌നുകൾ തുടരുകയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മേജർ അബ്ദുല്ല ബുഹാസൻ പ്രസ്താവനയിൽ പറഞ്ഞു. 12 വാഹനങ്ങൾ റിസർവേഷൻ ഗാരേജിലേക്ക് റഫർ ചെയ്യുകയും, ട്രാഫിക് നിയമലംഘനങ്ങൾക്കു 420 നോട്ടീസുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു. മോഷ്ടിക്കപ്പെട്ടതായി പരാതി ലഭിച്ച മൂന്ന് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി.
റെസിഡൻസി നിയമലംഘനം നടത്തിയ 17 പേരെയാണ് പിടികൂടിയത്. പത്തുവർഷമായി രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഒരു ഏഷ്യൻ സ്വദേശിയെയും , ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അഞ്ച് കൗമാരക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.