കുവൈത്ത് സിറ്റി : 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും സെക്കൻഡറിയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി 2,000 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസും ചുമത്താനുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യവുമായി പാർലമെൻറ് അംഗം അബ്ദുല്ല അൽ തുരൈജി ആവശ്യപ്പെട്ടു. റെസിഡൻസി പുതുക്കുന്നതിനായി ചുമത്തിയിരിക്കുന്ന തുക അമിതമാണെന്നും ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളെ രാജ്യം വിടാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം വാദിച്ചു. ഈ പ്രവാസികളിൽ കുറേപ്പേർ കടഉടമകളാണ് എന്നിരിക്കെ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനുള്ള അമിത ചെലവ് നികത്തുന്നതിനായി അവർ നൽകുന്ന സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കുകയും ചെയ്തേക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഇത് പൗരന്മാരെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ തീരുമാനം പൊതു ക്ലിനിക്കുകളിലെ തിരക്ക് കുറയ്ക്കില്ല, കാരണം പ്രവാസികൾ ഈ ക്ലിനിക്കുകളിൽ സേവനം തേടുന്നത് തുടരും. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം, എന്നാൽ ഫീസ് ന്യായമായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു, ഇത് പിന്നീട് എല്ലാ പ്രവാസികൾക്കും ബാധകമാക്കാം എന്നും അദ്ദേഹം പറഞ്ഞു.