കുവൈത്ത് സിറ്റി: കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഹൈസ്കൂൾ തലമോ അതിനു താഴെയോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ പ്രവാസികളുടെ റെസിഡൻസി തുറക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന തീരുമാനങ്ങളെല്ലാം റദ്ദാക്കണമെന്ന ആവശ്യവുമായി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്, കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുകയെന്നത് ദേശീയ കടമയാണെന്നും. പുതിയ ഉത്തരവ് ചില കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന് വലിയ ഭീഷണിയാകുമെന്നും ഈ സാഹചര്യത്തിൽ തീരുമാനം റദ്ദാക്കാൻ തങ്ങൾ ശുപാർശ ചെയ്യുന്നതായും കെഎസ്എച്ച്ആർ പ്രതിനിധികൾ പറഞ്ഞു
ഈ വിഭാഗത്തിലെ പ്രവാസികൾക്ക് റെസിഡൻസി പുതുക്കി നൽകേണ്ട എന്ന പാം ഡയറക്ടർ ബോർഡ് തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തിയതായി കുവൈത്ത് സൊസൈറ്റി ഓഫ് ഹ്യൂമൻ റൈറ്റ്സ് (കെഎസ്എച്ച്ആർ) പറഞ്ഞു. അതിലേറെ ഞെട്ടിക്കുന്നതായിരുന്നു 2000 ദിനാർ വാർഷിക ഫീസ് അടക്കുന്നവർക്ക് റെസിഡൻസി പുതുക്കി നൽകാമെന്ന് ഭേദഗതി ഉത്തരവ്.
ഈ സർക്കാർ തീരുമാനത്തിൽ ഖേദിക്കുന്നതായും, വരും നാളുകളിൽ നിരവധി കുടിയേറ്റ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും സൊസൈറ്റി പ്രതിനിധികൾ വ്യക്തമാക്കി. കുവൈത്തിലെ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്കൻ മിഡിൽ ഈസ്റ്റ് പാർട്ണർഷിപ്പ് ഓർഗനൈസേഷനുമായി ഒരു പങ്കാളിത്ത കരാർ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് അടുത്തിടെ ഒപ്പുവച്ചിരുന്നു.