റിയാദ്: ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനനുമതിയില്ല. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജൻ്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക് തുടരുക. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻൻ്റൈനില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) വ്യക്തമാക്കി. 14 ദിവത്തിനിടയില്‍ ഈ രാജ്യങ്ങള്‍ വഴി കടന്നുപോയവര്‍ക്കും വിലക്ക് ബാധകമാവും. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാത്രാ വിലക്ക് ബാധകമല്ല.
പൂര്‍ണമായി വാക്‌സിന്‍ എടുത്ത വിദേശികള്‍ക്ക് രാജ്യത്ത് ക്വാറൻ്റൈന്‍ ഇളവ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെയ്തതു പോലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറൻ്റൈന്‍ നിബന്ധനയോടെ സൗദിയിലും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ ജവാസാത്തിൻ്റെ പുതിയ പ്രഖ്യാപനത്തോടെ ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ക്ക് ക്വാറൻ്റൈനോടെ സൗദി യാത്രാനുമതി നല്‍കുന്നുണ്ട്.2021 ഫെബ്രുവരിയിലാണ് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിവിലക്കേർപ്പെടുത്തിയത്. മെയ് 29ന് ഇതില്‍ 11 രാജ്യക്കാര്‍ക്ക് യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങള്‍ക്ക് വിലക്ക് തുടരുകയായിരുന്നു