ഒമാനില്‍ പേമാരി; 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേർ മരിച്ചു, 4 പേരെ കാണാതായി

0
16

മസ്‌കത്ത്: ഒമാനില്‍ കനത്ത പേമാരി തുടരുന്നു, ദിവസങ്ങളായി തുടരുന്ന മഴയില്‍ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലഭ്യമായ വിവരങ്ങളനുസരിച്ച് രണ്ട് കുട്ടികളും ഒരു പ്രവാസിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും, നാലു പേരെ ഒഴിക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തു. വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസ്‌ക്കറ്റിലും തെക്കന്‍ അല്‍ ശര്‍ഖിയ്യയിലുമാണ് മഴ രൂക്ഷമായി തുടരുന്നത്

ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖദില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് ഒരു കുട്ടി മരിച്ചത്. ജലന്‍ ബനീ ബൂ ഹസ്സന്‍ വിലായത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് മറ്റൊരു കുട്ടിക്കും ജീവന് നഷ്ടപ്പെട്ടത്. സമാഈല്‍ പ്രദേശത്ത് ജോലിക്കിടെയാണ് ജെസിബി ഡ്രൈവറായ പ്രവാസി മരണപ്പെട്ടത്. ഇദ്ദേഹം പ്രവര്‍ത്തിപ്പിക്കുകയായിരുന്ന ജെസിബി ജലമൊഴുക്കില്‍ പെടുകയായിരുന്നു എന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി കാല കര്‍ഫ്യൂ നിലവിലുണ്ടായിരുന്നതിനാല്‍ പുറത്ത് ആളുകളും വാഹനങ്ങളും കുറവായിരുന്നത് അപകട നിരക്ക് കുറച്ചതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇടമുറിയായെ പെയ്ത ശക്തമായ മഴയില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാവുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു.