കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ ആവശ്യത്തിന് അനുസൃതമായ അധ്യാപകർ ഉള്ളതായി അധികൃതർ. അടുത്ത അധ്യയന വർഷത്തിൽ പുതിയ സ്കൂളുകൾ ആരംഭിക്കുമ്പോൾ അധ്യാപകരുടെ കുറവ് ഉണ്ടാകില്ലെന്നും, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ ഇക്കാര്യത്തിൽ ഒരു സംയോജിത പദ്ധതി ആവിഷ്കരിച്ചതായും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വരുന്ന അദ്ധ്യായന വർഷത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. അലി അൽ യാക്കൂബ് എല്ലാ മേഖലകളുടെയും പ്രവർത്തനങ്ങളും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.