കുവൈത്ത് ഉൾപ്പടെ ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാള്‍. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം. പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ. സൗദി, യു എ ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളോടെ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും. യു.എ.ഇയില്‍ വിശ്വാസികള്‍ പതിനഞ്ച് മിനുട്ട് മാത്രമേ പള്ളികളില്‍ ചിലവഴിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. ഒമാനിൽ പക്ഷെ, പെരുന്നാളിന് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും. ഒമാനിൽ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നാണ് നിർദേശം.
പെരുന്നാളിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിൽ വലിയ പള്ളികളിലും ഈദുഗാഹുകളിലും സ്ത്രീകൾക്കും ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. പുലർച്ചെ 5. 16 നാണു പെരുന്നാൾ നമസ്കാരം.കഴിഞ്ഞ വർഷം ബലി പെരുന്നാളിന് കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്കാരമെങ്കിൽ ഇത്തവണ പള്ളിയിൽ പോകാം.