കുവൈത്തിൽ 900ത്തോളം സ്‌കൂളുകള്‍ പുതിയ അധ്യായന വർഷത്തിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ തയ്യാറായി കഴിഞ്ഞു

0
15

കുവൈത്ത് സിറ്റി: കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ അറിയിച്ചു.സെപ്തംബര്‍ മുതല്‍ പുതിയ അധ്യയന വർഷത്തിൽ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ 900ത്തോളം സ്‌കൂളുകള്‍ തയ്യാറായി കഴിഞ്ഞു.

സപ്തംബറില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും 100 ശതമാനം കുട്ടികളെയും സ്‌കൂളുകളില്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം അടുത്ത മാസം മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ മൂന്ന് വഴികളാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളുകളില്‍ നേരിട്ടെത്താന്‍ അവസരം നല്‍കുകയെന്നതാണ് അതിലൊന്ന്. 50 ശതമാനം കുട്ടികള്‍ നേരിട്ട് സ്‌കൂളുകളിലെത്തുകയും ബാക്കി 50 ശതമാനം ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യുന്ന ഹൈബ്രിഡ് രീതി സ്വീകരിക്കുകയെന്നതാണ് രണ്ടാമത്തെ വഴി. നിലവിലുള്ളതു പോലെ പൂര്‍ണമായും ഓണ്‍ലൈനില്‍ തുടരുകയെന്നതാണ് കമ്മിറ്റി മുന്നോട്ടുവച്ച മൂന്നാമത്തെ മാര്‍ഗം.