കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം അതിരൂക്ഷമായതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള ഗാർഹിക തൊഴിലാളികൾ കുവൈത്തിന് പകരം മറ്റ് സമീപ രാജ്യങ്ങളിലേക്ക് പോകാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മികച്ച അല്ലാത്തതും അവർക്കിവിടെ സുരക്ഷിതത്വബോധം ലഭിക്കാത്തതും ആണ് പ്രധാന കാരണം എന്ന് രാജ്യത്തെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം പഠിക്കുന്ന സന്നദ്ധ സമിതി തലവൻ ബസ്സാം അൽ-ഷമ്മരി പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിലും തൊഴിലുടമകളുമായുള്ള തർക്കങ്ങൾ ശരിയായ രീതിയിൽ പരിഹരിക്കുന്നതിലും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ പിന്തിരിപ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് ഈ തൊഴിലാളികൾ തങ്ങളുടെ രാജ്യങ്ങളിലെ എംബസികളിലേക്ക് തിരിയുന്നത് തുടർക്കഥയാകുന്നു പ്രശ്നങ്ങൾക്ക് സമൂലമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലെ സർക്കാറിന്റെ കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.