81 വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാൻ നിർദേശം

0
28

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകളുടെ തോത് വർദ്ധിപ്പിക്കുന്നതിനായി 81 വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാൻ ആരോഗ്യ മന്ത്രാലയം രാജ്യത്തെ ഹെൽത്ത് കെയർ ഡിപ്പാർട്ട്മെൻ്റിന് നിർദ്ദേശം നൽകി. വാക്സിനുകൾ നൽകുന്നതിലെ കാലതാമസത്തിനും കഴിഞ്ഞ കാലയളവിൽ ഉയർന്ന കോവിഡ് കേസുകൾക്കും മരണങ്ങൾക്കും ആരോഗ്യ മന്ത്രാലയമാണ് ഉത്തരവാദിയെന്ന് ചില അധികാരകേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയുടെ തുടക്കം മുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും രാജ്യം നൽകി. എന്നാൽ അനുഭവ പരിജ്ഞാനം ഇല്ലായ്മ, മടി, ഉത്തരവാദിത്തഭയം, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളുടെ അഭാവത്തെ ന്യായീകരിക്കൽ എന്നിവയാണ് രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിച്ച അവസ്ഥയിലേക്ക് നയിച്ചതെന്ന് വൃത്തങ്ങൾ ആരോപിച്ചു. ഇതിൻറെ പൂർണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ആണ്. ലോകാരോഗ്യസംഘടന അനുമതി നൽകുകയും അയൽ രാജ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തിട്ടും ചൈനീസ്, റഷ്യൻ വാക്സിനുകൾക്കെതിരെ നടപടി സ്വീകരിച്ചവരാണ് ഇവർ എന്നും വിമർശകർ കൂട്ടിച്ചേർത്തു.