കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്ത 12 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ 50% പേർക്കും നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനായി രജിസ്റ്റർ ചെയ്ത 67,000 കുട്ടികളിൽ 35,400 ഓളം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. ഈ പ്രായപരിധിയിലുള്ള 280,000 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്
സെപ്റ്റംബറിൽ സ്കൂൾ തുറന്ന് വ്യക്തിഗത പഠനം പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടികൾക്ക് വൻതോതിൽ വാക്സിനേഷൻ നൽകുന്നത്. അമേരിക്കയിലെ എഫ്ഡിഎയുടെയും, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശാനുസൃതമായി, ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്സിനാണ് നൽകുന്നത്.