കോഴിക്കോട്: പാർട്ടിക്കുള്ളിലെ തമ്മിൽത്തല്ല് ദൗർഭാഗ്യകരമായിപ്പോയെന്ന പ്രതികരണവുമായി ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ്. എതിർ വിഭാഗവുമായി ചർച്ചയിലുടെ സമവായത്തിലെത്താൻ സന്നദ്ധരാണ്. ഒന്നിച്ച് മുന്നോട്ട് പോകണമെന്നാണ് താത്പര്യമെന്നും അബ്ദുൾ വഹാബ് പ്രതികരിച്ചു. പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കരണമെന്ന നിലപാടാണ് എൾഡിഎഫിനുളളത്. വൈകീട്ട് നാലുമണിക്ക് കോടിയേരി ബാലകൃഷ്ണന്‍ അബ്ദുള്‍ വഹാബുമായി ചര്‍ച്ച നടത്തും.
പാർട്ടി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ വഹാബുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു കൂടിക്കാഴ്ച. എല്ലാവരും ഒരുമിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെയാണ് ഐഎന്‍എല്‍ പിളര്‍ന്നത്. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിക്കുകകയായിരുന്നു. എന്നാൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ വ്യക്തമാക്കി.
ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐഎൻഎൽ തമ്മിൽ പോര് ചർച്ചയാകും. ഐഎൻഎൽ തർക്കത്തിൽ യോജിച്ച് പോകണമെന്ന സിപിഎം നിർദ്ദേശം അവഗണിച്ച് പരസ്യപ്പോര് നടന്നതിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുൾ വഹാബ് വിഭാഗം എകെജി സെൻ്ററിൽ എത്തിയപ്പോഴും എൽഡിഎഫ് കൺവീനർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടർ നടപടികൾ.