അഴികിനാല്‍ ആരെയും അമ്പരപ്പിക്കുന്ന ഷീല്‍ഡ് ടെയിൽ

0
27

മയിൽപീലി വർണം അഴകായി അണിഞ്ഞ ഒരാൾ, മയിൽപീലിയുടെ അരിക്ക് പോലെ പച്ചയും തിളക്കമുള്ള നീലയും ഉടലാകെ അരികു ചേർത്ത് വരച്ചിരിക്കുന്നു. അഴികിനാല്‍ ആരെയും അമ്പരപ്പിക്കുന്ന അപൂര്‍വ ഇനം ഷീല്‍ഡ് ടെയിൽ പാമ്പിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രകൃതിയുടെ അവർണ്ണനീയമായ ഈ സൃഷ്ടിയെ ക്യാമറയിൽ പകർത്തിയത് തൃശൂര്‍ സ്വദേശിയായ മൃദുല മുരളിയാണ്

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരായ മൃദുലയും ഭര്‍ത്താവ് മുരളി മോഹനും മൂന്നാറില്‍നിന്നു പോത്തന്മേടിലേക്കുള്ള വഴിയിൽ ഒരിടത്താണ് ഷീൽഡ് ടെയിൽ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് ചിത്രമെടുത്തത്. മാക്രോ ഫൊട്ടാഗ്രാഫിയിൽ സ്പെഷലൈസ് ചെയ്തിരിക്കുന്ന മൃദുല, തവളകൾ ഉൾപ്പെടെയുള്ള ചെറു ജീവികളെ തേടിയാണ് ഭർത്താവിനൊപ്പം മൂന്നാറിലെത്തിയത്.
ഇരുവര്‍ക്കുമൊപ്പം വൈല്‍ഡ് ലൈഫ് ഗൈഡുകളായ ഹാര്‍ഡ്‌ലി, അദ്ദേഹത്തിന്റെ ഭാര്യ, മൂന്നാറിലെ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവരുമുണ്ടായിരുന്നു.

യൂറോപെൽറ്റിഡാർ കുടുംബത്തിൽപ്പെട്ട ഇത്തരം പാമ്പുകൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി ഏഴ് ജനുസുകളിലായി 60 വർഗമുണ്ട്. ഇന്ത്യയിൽ നാലിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിൽ സ്ഥിരീകരിച്ചു. പശ്ചിമഘട്ടത്തിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇവയുടെ ചര്‍മം വളരെ മിനുസമുള്ളതും തിളക്കമാര്‍ന്നതുമാണ്. വാലിന്റെ അറ്റത്ത് കവചം പോലെയുള്ള ആകൃതിയാണ്.

മൺസൂൺ കാലങ്ങളിൽ അതിരാവിലെയും രാത്രിയുമാണ് ഷീല്‍ഡ് ടെയിൽ പാമ്പുകളെ കാണാൻ കഴിയുന്നത്. മണ്ണിനിടയിൽ കഴിയുന്ന ഇവ മാളങ്ങളിൽ വെള്ളം നിറയുമ്പോഴാണ് പുറത്തെത്തുന്നത്. വിഷമില്ലാത്ത ഈ പാമ്പുകളുടെ 95 ശതമാനം ഭക്ഷണവും മണ്ണിരകളാണ്. പാമ്പിന്റെ മഴവിൽ നിറം പിഗ്മെന്റുകളല്ല. ശൽക്കങ്ങളിലെ മൈക്രോ സ്കോപിക് സ്ട്രക്ചറുകളിൽ പ്രകാശമടിക്കുമ്പോഴാണ് മഴവിൽ നിറങ്ങളിൽ തിളങ്ങുന്നത്

1863 ലാണ് ഷീൽഡ് ടെയിൽ പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. വയനാട് മുതല്‍ കര്‍ണാടകയിലെ അകുമ്പ വരെയുള്ള പ്രദേശത്താണ് അന്ന് കാണപ്പെട്ടത്.