കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 650 പ്രവാസി അധ്യാപകരെ തിരിച്ചെത്തിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം വിസകൾ തയ്യാറാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി അധ്യാപകരെ തിരിച്ചെടുക്കുന്നതിൻ്റെ ഭാഗമായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഈ മാസം പകുതിയോടെ 650 അധ്യാപകരെ തിരിച്ചെത്തിക്കുന്നതിനായി വിസകൾ പ്രോസസ് ചെയ്തുവരികയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 2000 പ്രവാസി അധ്യാപകരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തിരികെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിൽ മിക്ക അധ്യാപകരും ഒന്നര വർഷത്തിലേറെയായി കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന വരാണ്. നിലവിൽ പ്രവാസികൾക്ക് തിരിച്ചുവരുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾക്ക് സമാനമായി അധ്യാപകർക്ക് തിരികെ വരുന്നതിന് കുവൈത്ത് അംഗീകൃത വാക്സിനേഷൻ പൂർത്തീകരിക്കണം.

ജൂലൈ പകുതി മുതൽ, 1,620 അധ്യാപകർ കുവൈറ്റിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ സ്കൂളുകൾ പുനരാരംഭിക്കുന്നതിന് മുൻപായി അധ്യാപകരെ തിരിച്ചെത്തിക്കുന്നുതിനായുള്ള നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം ഊർജ്ജിതമാക്കിയിരിക്കുന്നത്