എസ്.എം.എ രോ​ഗം ബാധിച്ച മുഹമ്മദിന്‍റെ മരുന്നിനുള്ള ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്ര സർക്കാർ

0
28

അപൂര്‍വ ജനിതക രോഗമായ എസ്.എം.എ ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ മരുന്നിനുള്ള നികുതി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. മരുന്നിനുള്ള ജി.എസ്.ടിയും ഇറക്കുമതി തീരുവയും ഒഴിവാക്കിയതായി കേന്ദ്ര ധനകാര്യമന്ത്രി ഉത്തരവിറക്കി. മുഹമ്മദിന്റെ പിതാവ് റഫീഖ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. മൂന്നു മാസത്തിനുള്ളിൽ തന്നെ ചികിത്സ പൂർത്തിയാക്കണമെന്ന നിർദേശം ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. 18 കോടി രൂപയാണ് മരുന്നിന് ചെലവ് കണക്കാക്കുന്നത്. 6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഇളവ് ലഭിക്കുക. ഇന്ത്യയിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി നേരത്തെയും സമാനമായ രീതിയിൽ നികുതിയിളവ് ലഭിച്ചിരുന്നു. എസ്എംഎ ബാധിതർക്കായുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും മറ്റു നികുതികളും പൂർണമായും എടുത്തു കളയണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണ്. ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതി ചുമത്തുന്നത് നീതികേടാണെന്നും നേരത്തെ വിമർശനമുയർന്നിരുന്നു. മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ മുഹമ്മദിന്റെ ചികിത്സ ഉടന്‍ ആരംഭിക്കാനാവും.മുഹമ്മദിന്റെ ചികിത്സക്കായി 50 കോടിയോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. മുഹമ്മദിന്റെ സഹോദരിയുടെ അഭ്യര്‍ത്ഥനയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തത്.