കുവൈത്തിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുൻപായി പ്രവാസികൾ ട്രാഫിക് പിഴയുണ്ടെങ്കിൽ അടയ്ക്കണം

0
13

കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ ചുമത്തിയിട്ടും ഇത് അടയ്ക്കാത്ത പ്രവാസികളെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ഉത്തരവ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വൈകാതെ തന്നെ പുറപ്പെടുവിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം മറ്റു മന്ത്രാലയങ്ങളുമായി സഹകരിച്ച്, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്ത സ്വദേശികൾക്കും പ്രവാസികൾക്കും നൽകുന്ന എല്ലാ സേവനങ്ങളും നിർത്തിവെക്കണമെന്ന നടപടി കൈക്കൊള്ളാനും ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്.ഇതുസംബന്ധിച്ച നിർദേശം ട്രാഫിക് ഡിപ്പാർട്ട്മെൻണ് ആഭ്യന്തരവകുപ്പ് മന്ത്രി ഷൈഖ് തമർ അൽ അലിക്ക് സമർപ്പിക്കുന്നത്.കര, സമുദ്ര, വ്യോമ തുറമുഖങ്ങളിൽ പ്രത്യേക ഓഫീസുകൾ സ്ഥാപിച്ച് ട്രാഫിക് പിഴ അടയ്ക്കാതെ രാജ്യം വിടുന്ന പ്രവാസികളെ തടയാനുള്ള നിർദ്ദേശവും ഇതിൽ ഉള്ളതായി മാധ്യമ വാർത്തകളിൽ പറയുന്നു.

പല ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ട് . പിഴയിനത്തിൽ ലഭിക്കാനുള്ള ദശലക്ഷക്കണക്കിന് ദിനാറുകൾ കുവൈറ്റ് പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും ഈ രീതിയിൽ ശേഖരിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി ട്രാഫിക് നിയമ ലംഘനങ്ങളെ തുടർന്ന് പിഴ ചുമത്തപ്പെട്ട പലരും ജയിൽശിക്ഷ അനുഭവിക്കുകയും ചിലർ ഇതിനോടകം മരിച്ചു പോവുകയും ചെയ്തിട്ടുണ്ട് അതോടൊപ്പം പല പ്രവാസികളും ഇതിനോടകംതന്നെ ചുമത്തിയ പിഴ അടക്കാതെ പ്രവാസം അവസാനിപ്പിച്ച് മടങ്ങി പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

നിയമലംഘനം നടത്തിയ ഉടൻ നിയമലംഘകരുടെ ഫോണിലേക്ക് SMS സന്ദേശങ്ങൾ അയയ്ക്കാനുള്ള സാധ്യതയും ട്രാഫിക് വിഭാഗം പഠിക്കുന്നുണ്ട്. ഇതുവഴി ഏതു രീതിയിലുള്ള നിയമലംഘനമാണ് നടത്തിയതെന്നും ഇതിനുള്ള പരമാവധി പിഴയും അടക്കമുള്ള വിവരങ്ങൾ നിയമലംഘകരെ ധരിപ്പിക്കുന്നതിനും പിഴ വേഗത്തിൽ ഈടാക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.