റിയാദ്: അടുത്ത സ്കൂൾ അധ്യായനവർഷത്തിനു മുൻപായി സൗദിയിൽ 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തീകരിക്കാനുള്ള പദ്ധതിയുമായി സൗദി ആരോഗ്യ മന്ത്രാലയം. ഈ വരുന്ന ആഗസ്റ്റ് 8 ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ആദ്യ ഡോസ് സ്വീകരിക്കണമെന്നാണ്
സൗദി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്കു മാത്രമേ നേരിട്ടുള്ള ക്ലാസ്സുകളില്‍ പ്രവേശനം അനുവദിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.ഇത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂളുകളും സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ട്
ആഗസ്ത് എട്ടിന് മുമ്പ് ആദ്യ ഡോസ് എടുത്ത് മൂന്നാഴ്ച എങ്കിലും ഇടവേളക്ക് ശേഷം മാത്രമേ രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ സാധിക്കുകയുള്ളൂ. സിഹത്തീ, തവക്കല്‍നാ ആപ്പുകള്‍ വഴി വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍ മീഡിയറ്റ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനു പകരം നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. സ്കൂളുകൾ പുനരാരംഭിക്കുന്നതിനു മുൻപായി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വാക്സിനേഷൻ പൂർത്തീകരിക്കണം എന്നാണ് സർക്കാർ പദ്ധതിയിടുന്നത്. അല്ലാത്തവർക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.