കുവൈത്ത് സിറ്റി 2020 ജൂണ് മുതലിതുവരെ ഒരുവർഷക്കാലയളവിൽ കുവൈത്തിൽ 3.1 ദശലക്ഷം റെസിഡൻസി പെർമിറ്റ് ഇടപാടുകൾ ഓൺലൈനിൽ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേവനങ്ങളെല്ലാം എല്ലാം ഓൺലൈനിൽ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്ന ശേഷം ആളുകൾക്ക് അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒരു ദശലക്ഷം അപ്പോയിന്റ്‌മെന്റുകൾ ഓൺലൈനിൽ നൽകിയതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിലേക്ക് തിരിച്ചു വരാനാവാതെ റെസിഡൻസി പെർമിറ്റുകൾ പുതുക്കാനാവാതെ 38,000 -ലധികം പ്രവാസികളുടെ റസിഡന്സി പർമിറ്റ് റദ്ദാക്കപ്പെട്ടതായും വാർത്താക്കുറിപ്പിൽ പറുയുന്നു. റെസിഡൻസി വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് അവരുടെ തൊഴിലുടമകൾ പെർമിറ്റ് പുതുക്കുകയോ അല്ലെങ്കിൽ പുതിയ വിസയിൽ പ്രവേശിക്കുകയോ അല്ലാതെ കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ല. കുവൈറ്റിന് പുറത്തുള്ളവർക്ക് ഓൺലൈനിൽ റസിഡന്സി പുതുക്കാവുന്നതാണ്, പുതിയ വിസകളെ സംബന്ധിച്ചിടത്തോളം, കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം പുതിയ വിസകൾ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.