കുവൈത്ത് സിറ്റി: ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് ചില പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തരമായി കുവൈത്തിലേക്ക് മടങ്ങിയെത്തുന്നതിനായി അവരുടെ രജിസ്ട്രേഷനുകൾ അടിയന്തിരമായി പ്രോസസ്സ് ചെയ്യേണ്ടതുണ്ട്. അത്തരം നിർദ്ദിഷ്ട അഭ്യർത്ഥനകൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന്് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
അടിയന്തര സ്വഭാവമുള്ള ഇത്തരം അപേക്ഷകൾക്കായി താഴെപറയുന്ന നടപടിക്രമങ്ങൾ പാലിക്കണം,
– അടിയന്തര/പ്രത്യേക സാഹചര്യം വിശദീകരിച്ചു കൊണ്ട് എംബസിക്ക് കത്ത് അയയ്ക്കാം, info.kuwait@mea.gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് ആണ് കത്തുകൾ നൽകേണ്ടത്. സ്പോൺസർ/തൊഴിൽദാതാവ് അതിന് അംഗീകാരം നൽകണം.
– അപേക്ഷകൻ തന്റെ മുഴുവൻ പേരും മറ്റ് വ്യക്തിപരവും നൽകണം
– കത്തിനൊപ്പം താഴെപ്പറയുന്ന രേഖകളും ചേർത്തിരിക്കണം:
1 പാസ്പോർട്ട്
2 സിവിൽ ഐഡി
3 തൊഴിൽ കരാർ (ലഭ്യമെങ്കിൽ)
4 കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ പൂർത്തിയായ രജിസ്ട്രേഷന്റെ തെളിവ്/സ്ക്രീൻഷോട്ട്
5 ഇമ്യൂൺ, ശ്ലോണിക്, കുവൈറ്റ് മൊസഫർ എന്നിവയുൾപ്പെടെ മറ്റെല്ലാ പ്ലാറ്റ്ഫോമുകളിലും ആപ്ലിക്കേഷനുകളിലും പൂർത്തിയായ രജിസ്ട്രേഷന്റെ തെളിവ്/സ്ക്രീൻഷോട്ട്;
6 അന്തിമ വാക്സിനേഷൻ സർട്ടിഫിക്കറ്റ്.
ഇന്ത്യയിൽ കൂടി കിടക്കുന്ന നിരവധി പ്രവാസികളാണ് കുവൈറ്റിലേക്ക് മടങ്ങി വരവിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് കാത്തിരിക്കുന്നത്. വാക്സിനേഷൻ സർട്ടിഫിക്കേറ്റിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉന്നയിച്ച് ദിനംപ്രതി നിരവധി പേർ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് എംബസിഅധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയത്. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി അധികാരികളുമായി ബന്ധപ്പെട്ട് വരുന്നതായും വാർത്താ കുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ നിരന്തരമായ ഇടപെടലാണ് എംബസിയുടെ ഭാഗത്തുനിന്ന് കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ പ്രവാസികൾ അപ്‌ലോഡ് ചെയ്ത എല്ലാ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുൾപ്പടെയുള്ള വിശദാംശങ്ങളുടെ
പരിശോധന പ്രക്രിയ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്.
രജിസ്ട്രേഷനുകൾ നിരസിക്കപ്പെട്ട എല്ലാ അപേക്ഷകർക്കും ബന്ധപ്പെട്ട അധികാരികളിൽ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഇമെയിൽ ലഭിക്കും
അപേക്ഷകളിൽ പിശകുകൾ ഉള്ളതായി കണ്ടെത്തിയ എല്ലാ അപേക്ഷകർക്കും അതാത് ആപ്ലിക്കേഷനിലെ പിശകുകൾ വിശദീകരിച്ച് ഇമെയിൽ ലഭിക്കൽ
നിരസിക്കപ്പെട്ട അല്ലെങ്കിൽ പിശകുകൾ ഉള്ള അപേക്ഷകളിൽ പ്രോസസ്സിംഗ്പൂർത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് തുടരാൻ നിർദേശിച്ചതായും വാർത്താക്കുറിപ്പിൽ പറയുന്നു..