കുവൈത്ത് സിറ്റി : കുവൈത്തിൽ സ്കൂളുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് വിദ്യാഭ്യാസ സമിതിയുടെ അനുമതി ലഭിച്ചതോടെ വരുന്ന അധ്യയനവർഷത്തിൽ സെപ്റ്റംബറിൽ തന്നെ സ്കൂളുകൾ തുറക്കുന്നതിൽ വ്യക്തതയായി. കുത്തിവയ്പ് എടുക്കാത്ത അല്ലെങ്കിൽ ഒരു ഡോസ് വാക്സിൻ മാത്രം ലഭിച്ച വിദ്യാർത്ഥികൾക്ക് ആഴ്ചതോറും പിസിആർ ടെസ്റ്റ് നടത്തുകയും സ്കൂളുകളിൽ പ്രവേശിക്കുന്നതിന് നെഗറ്റീവ് ഫലങ്ങൾ സമർപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം മന്ത്രാലയം പരിഗണിക്കുന്നുണ്ട്
സ്കൂളുകൾ തുറക്കുന്നത്മായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച പദ്ധതിയിൽ ക്യാബിനറ്റ് വിദ്യാഭ്യാസ സമിതി ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് ആദ്യ പിരീഡ് ആരംഭിക്കുന്ന സമയമാണ്, ആദ്യ പീരീഡ് രാവിലെ 7 മണിക്ക് പകരം 7:30 ന് ആരംഭിക്കാനും, വിദ്യാർത്ഥികൾക്ക് രണ്ട് പിരീഡിനിടയിൽ നൽകുന്ന സമയം 10 മിനിറ്റിന് പകരം 30 മിനിറ്റായി വർദ്ധിപ്പിക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. രാവിലെ 11:10 ന് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന രണ്ടാം പിരീഡ് വിദ്യാഭ്യാസ മന്ത്രാലയം ഇതനുസരിച്ച് പുന:ക്രമീകരിക്കും. രണ്ട് ഷിഫ്റ്റുകളിൽ ക്ലാസ്സുകൾ എടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സമിതിയെ അറിയിച്ചു. കൂടാതെ വാക്സിനേഷൻ നിരക്കിൽ വർദ്ധനവുണ്ടായി കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാലയങ്ങൾക്ക് മുന്നിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റ് തുടങ്ങിയ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. ഒരു ക്ലാസ്സുകളിലേക്കും വിദ്യാർത്ഥികളുടെ എണ്ണം 20 കൂടരുത് എന്ന നിർദേശവും സമിതി നൽകിയിട്ടുണ്ട്, പൊതു-സ്വകാര്യ വിദ്യാലയങ്ങൾക്കും ഇത് ബാധകമാണ്.