ബാഴ്സലോണയിൽ നിന്ന് രണ്ട് പതിറ്റാണ്ടിനിപ്പുറം പടി ഇറങ്ങി ലിയോ..

0
35

പതിമൂന്നാം വയസിൽ ബാഴ്സ അക്കാദമിയിലെത്തിയ മെസ്സി, 21 വർഷങ്ങൾക്കിപ്പുറം കറ്റാലൻ ക്ലബിനായി കെട്ടിയ ബൂട്ടഴിക്കുന്നു. ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്, മറ്റൊരു ക്ലബിന് വേണ്ടിയും ഇക്കാലമത്രയും മെസ്സി ബൂട്ടണിഞ്ഞിട്ടില്ല.വാർത്താക്കുറിപ്പിലൂടെ ക്ലബ് തന്നെയാണ് താരവുമായി വഴി പിരിയുന്നതായി പ്രഖ്യാപിച്ചത്.

മെസ്സിയും ബാഴ്സയുമായുണ്ടായിരുന്ന കരാർ ജൂൺ 30ന് അവസാനിച്ചിരുന്നു. എന്നാൽ 5 വർഷത്തേക്ക് കൂടി കരാർ നീട്ടാൻ പിന്നീട് ധാരണായിയരുന്നു. ബാഴ്സലോണയുമായുള്ള പുതുക്കിയ കരാർ മെസ്സി ഇന്നലെ ഒപ്പിടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള പുതിയ വാർത്ത വരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ കരാറിൽ മെസ്സിയുടെ വേതനം പകുതിയായി കുറയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ കരാർ ഒപ്പിടുന്നതിന് മുന്നോടിയായുള്ള അവസാന ചർച്ച നടന്നതിന് പിന്നാലെയാണ് വഴിപിരിയുന്നതായുള്ള പ്രഖ്യാപനമെത്തിയത്.

ക്ലബ് വിടാനുള്ള ആഗ്രഹം ഒരു വർഷം മുമ്പ് തന്നെ മെസ്സി പ്രകടിപ്പിച്ചിരുന്നതാണ്. ബാഴ്സയുടെ മുൻ പരിശീലകൻ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, നെയ്മർ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പി എസ് ജി എന്നിവയാണ് മെസ്സിയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യതയുള്ള രണ്ട് ക്ലബുകൾ