ഇന്ത്യയ്ക്ക് മികച്ച വ്യാപാര സാധ്യതകൾ തേടി, ‘ ലോക്കൽ ഗോസ് ഗ്ലോബൽ, മേക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്’

0
41

ലോക്കൽ ഗോസ് ഗ്ലോബൽ, മേക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്, പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തുള്ള എല്ലാ ഇന്ത്യൻ അംബാസഡർമാർ ഹൈക്കമ്മീഷണർമാർ വാണിജ്യ പ്രതിനിധികൾ നിക്ഷേപകർ എന്നിവരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്തു. വിദേശത്തേക്കുള്ള ഇന്ത്യൻ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ് പദ്ധതി. ഇന്ത്യയുടെ കയറ്റുമതിയും ആഗോള വ്യാപാര വിഹിതവും പ്രയോജനപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയെ നിഷ്ക്രിയ വിപണി എന്നതിൽ നിന്ന് മാറ്റി ആഗോള മൂല്യ ശൃംഖലകളുടെ നിർമാണ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ‘ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായാണ് ഈ സംരംഭം.

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. വാണിജ്യ വ്യവസായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തോടെ നടപടികൾ കൈക്കൊള്ളും. ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞ് കയറ്റുമതി ഗണ്യമായി വർദ്ധിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക.

ഇന്ത്യയും കുവൈത്തും തമ്മിൽ ശക്തമായ സാമ്പത്തിക വാണിജ്യ ബന്ധമാണുള്ളത്. ധാന്യങ്ങൾ, പ്രത്യേകിച്ച് അരി, പുതിയ പഴങ്ങൾ, പച്ചക്കറികൾ, സമുദ്ര ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾക്കായി കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യ. വൈദ്യുതോപകരണങ്ങൾ , ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഓർഗാനിക് രാസവസ്തുക്കൾ, മരം, തടി വസ്തുക്കൾ, സെറാമിക് ഉൽപ്പന്നങ്ങൾ, കോട്ടൺ, സിൽക്ക് എന്നിവയുൾപ്പെടെ വിപണി വിഹിതത്തിൽ മികച്ചൊരു പങ്കും ഇന്ത്യക്കാണ്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, കുവൈറ്റിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ശരാശരി 1.2 ബില്യൺ ഡോളറായിരുന്നു, കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനിടയിലും 2020-21 ൽ 1.05 ബില്യൺ യുഎസ് ഡോളർ കയറ്റുമതി നേടാനായി, ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സ്നെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി കുവൈത്തിലെ ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കും (ഐബിഎൻ) ഇന്ത്യൻ പ്രൊഫഷണൽ നെറ്റ്‌വർക്കും (ഐപിഎൻ) പോലുള്ള പ്ലാറ്റ്ഫോമുകൾ പൂർണ പിന്തുണയാണ് നൽകുന്നത്. 2021-22 ലെ വ്യാപാര ലക്ഷ്യം കൈവരിക്കുന്നതിനായി എംബസി വിവിധ സംസ്ഥാന സർക്കാരുകൾ, ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ്, എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുകൾ, ബിസിനസ് ഗ്രൂപ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ, ബിസിനസ്, പ്രൊഫഷണൽ കൗൺസിലുകൾ, അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ ആഗ്രഹിക്കുന്നവർ com.kuwait@mea.gov.in, com1.kuwait@mea.gov.in എന്നീ വിലാസങ്ങളിൽ ഇ-മെയിൽ ചെയ്യുക.