റസിഡൻസി നിയമലംഘകർക്ക് സമയപരിധി നീട്ടി നൽകില്ല

0
31

കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാർക്ക് റസിഡൻസി രേഖകൾ നിയമപരമാക്കുന്നതിന് നേരത്തെ അനുവദിച്ചിരുന്നതിന് സമാനമായി ഇനി സമയപരിധി നീട്ടി നൽകില്ല എന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ ജൂണിലാണ് അവസാനമായി സമയപരിധി നീട്ടി നൽകിയത്, ഇക്കാലമത്രയും രേഖകൾ നിയമപരമാക്കാത്തവർക്ക് റെസിഡൻസി രേഖകൾ ഇനി നിയമപരമാക്കാൻ അനുവദിക്കില്ല. ഇവർക്ക് പിഴ ചുമത്തുകയും തിരികെ മടങ്ങി വരാനാകാത്തവിധം രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചതായി അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു. അവസാനം അനുവദിച്ച സമയപരിധി അവസാനിക്കുന്ന ദിവസം മുതൽ പ്രതിദിനം ഒരു ദിനാർ എന്ന നിരക്കിൽ നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കും.

അനധികൃത താമസക്കാരായ വിദേശികൾ രാജ്യത്ത് നിന്ന് പുറത്തു പോകുന്നു എന്ന് ഉറപ്പുവരുത്താത്ത സ്പോൺസർമാർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകിയിട്ടുണ്ട്.

2020 മാർച്ചിലായിരുന്നു നിയമലംഘകർക്ക് ഗ്രേസ് പിരീഡ് അനുവദിച്ചു തുടങ്ങിയത്. കോവിഡ വ്യാപനത്തെ തുടർന്നായിരുന്നു നടപടി. ശേഷം ഓരോ സമയപരിധി അവസാനിക്കുന്നതിന് അനുസരിച്ച് ഇത് പല മാസങ്ങളിലായി നീട്ടി നൽകുകയായിരുന്നു.