കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 15 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൈത്തറി വാരാഘോഷങ്ങൾക്ക് തുടക്കമായി. അംബാസിഡർ സിബി ജോർജ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധം വളരുകയാണെന്നും അതിന്റെ വിപുലീകരണത്തിന് വലിയ സാധ്യതകളുള്ളതായും അംബാസഡർ പറഞ്ഞു.ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രകടമാക്കുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട ഈ ആഘോഷം
കുവൈത്തുമായുള്ള നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എന്ന് അംബാസഡർ പറഞ്ഞു. കൈത്തറി മേഖല എന്നത് കേവലം ഒരു തുണ്ട് തുണിയല്ല മറിച്ച് നമ്മുടെ നാഗരികതയുടെ അടയാളപ്പെടുത്തൽ കൂടിയാണെന്നും അംബാസിഡർ അഭിപ്രായപ്പെട്ടു.
ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വർഷങ്ങൾ നീണ്ട ബന്ധം വ്യക്തമാക്കുന്ന സ്മാരകങ്ങൾ കുവൈത്തിലെ അൽ സാദു ഹൗസ് മ്യൂസിയത്തിലെ സന്ദർശന വേളയിൽ നേരിൽ കണ്ടറിഞ്ഞതും അംബാസിഡർ അനുസ്മരിച്ചു.
പരിപാടിയുടെ ഭാഗമായി ഇന്ത്യൻ വസ്ത്രങ്ങളുടെ സമ്പന്നത പ്രദർശിപ്പിക്കുന്ന ഹാൻഡ്‌ലൂം വോക്കും നടന്നു. ഇന്ത്യൻ എംബസി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാൻഡ് മെയ്ഡ് വസ്ത്രങ്ങളുമായി ഹാൻഡ്‌ലൂം വോക്ക് നടത്തി . 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്.