കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന സെപ്റ്റംബർ മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ നടപ്പാക്കേണ്ട രണ്ട് പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം. ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ പദ്ധതി മുന്നോട്ടുവച്ചു. പദ്ധതിപ്രകാരം സ്കൂളിലെ വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ മുഴുവൻ ദിവസത്തെ ഓഫ്‌ലൈൻ ക്ലാസിൽ പങ്കെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അന്തിമ തീരുമാനം എടുക്കുന്നതിനിയി പുതിയ നിർദ്ദേശങ്ങൾ അടുത്തയാഴ്ച മന്ത്രിസഭ യോഗത്തിൽ സമർപ്പിക്കും.
ഓരോ ക്ലാസ് മുറിയിലും ഉള്ള വിദ്യാർത്ഥികളുടെ എണ്ണം 20 മാത്രമായി പരിമിതപ്പെടുത്തും. അടിസ്ഥാന വിഷയങ്ങൾ മാത്രമായിരിക്കും നിലവിൽ ഷെഡ്യൂൾ ചെയ്യുക, അത്യാവശ്യമല്ലാത്ത വിഷയങ്ങളുടെ പഠനം രണ്ടാം സെമസ്റ്ററിലേക്ക് മാറ്റിവയ്ക്കും.വാക്സിനേഷൻ എടുക്കാത്ത എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിവാര നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ സ്കൂളുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.