കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവാസികൾ അപ്‌ലോഡ് ചെയ്തിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ 87.6% വും പരിശോധിച്ചു കഴിഞ്ഞതായി ഓഡിറ്റിംഗ് ടീം അധികൃതർ അറിയിച്ചു. കർശനമായ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിദേശങ്ങളിൽ നൽകിയിരിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നത്.മൊത്തം 165,145 സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തതിൽ 144,768 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ഓഡിറ്റിംഗ് പൂർത്തിയായി. ഓഗസ്റ്റ് 15 വരെയുള്ള കണക്കുകളാണിത്. ഇതിൽ 91,805 സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചപ്പോൾ, 52,963 സർട്ടിഫിക്കറ്റുകൾ നിരസിച്ചു,
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിരസിക്കാനുള്ള പ്രധാന കാരണങ്ങൾ – ഏത് തരം വാക്സിൻ , രണ്ട് വാക്സിനേഷൻ ഡോസ് സർട്ടിഫിക്കറ്റ്കളും അപ്ലോഡ് ചെയ്യാത്തത് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കഴിയുന്ന ക്യുആർ കോഡ് അടങ്ങിയിട്ടില്ല എന്നിവയാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കപ്പെടാത്ത കുവൈത്ത് പൗരന്മാർ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോൾ കുത്തിവയ്പ് എടുക്കാത്തവരായി കണക്കാക്കപ്പെടും, കൂടാതെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയും വേണം, അതേസമയം സർട്ടിഫിക്കറ്റുകൾ അംഗീകാരം ലഭിക്കാത്ത പ്രവാസികൾക്ക് വിമാനത്തിൽ കയറാനും കുവൈത്തിലേക്ക് മടങ്ങാനും കഴിയില്ല.