കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ കൈത്തറി വാരഘോഷം സമാപിച്ചു. കുവൈറ്റിലെ പരമ്പരാഗത നെയ്ത്തിന്റെ പൈതൃകം വിളിച്ചോതുന്ന പ്രശസ്തമായ അൽ സാദു ഹൗസിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, അൽസാദു സൊസൈറ്റി വൈസ് ചെയർപേഴ്സൺ മസീറ അലൻസി, സ്മിതാ പട്ടേൽ, ചൈതാലി റോയ്, കൂടാതെ നിരവധി പ്രമുഖർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് സാദു ഹൗസിന് നന്ദി രേഖപ്പെടുത്തുന്നതായി സിബി ജോർജ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. കുവൈത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണി സാധ്യതകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എംബസി നിരവധി പരിപാടികൾ വരുംനാളുകളിൽ സംഘടിപ്പിക്കും ഇതിൻറെ ആദ്യപടി മാത്രമാണ് കൈത്തറി വാരാഘോഷം എന്നും അംബാസഡർ പറഞ്ഞു.
കുവൈത്തുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രകടമാക്കുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രമോട്ട് ചെയ്യുന്നതിൻ്റെയും ഭാഗമായാണ് ഇന്ത്യൻ എംബസി കഴിഞ്ഞയാഴ്ച കൈത്തറി വാരാഘോഷം സംഘടിപ്പിച്ചത്.
കൈത്തറി വാരാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ്, ഹൈവേ സൂപ്പർമാർക്കറ്റ്, ഇന്ത്യൻ ഹെറിട്ടേജ് എന്നിവിടങ്ങളിൽ ഇന്ത്യൻ കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. അതോടൊപ്പം ഇന്ത്യൻ പൗരന്മാരെ ഏതെങ്കിലും കൈത്തറി വസ്ത്രം ധരിച്ച് അവരുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ #MyHandloomMyPride, #IndianHandloomWeekinKuwait എന്ന ഹാഷ്‌ടാഗിൽ അപ്‌ലോഡ് ചെയ്യുന്നതിനായി എംബസി ഒരു സോഷ്യൽ മീഡിയ കാമ്പെയ്‌നും സംഘടിപ്പിച്ചിരുന്നു.