കേരള സാഹിത്യ അക്കാദമിയുടെ 2021ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പ്രമുഖ കഥാകൃത്തും ചിത്രകാരനും, ചലച്ചിത്ര സംവിധായകനുമായ എം.എ. റഹ്മാൻ അർഹനായി. മുപ്പതിനായിരം രൂപയും ഫലകവും സാക്ഷ്യ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കാസർകോട് ഉദുമ സ്വദേശിയാണ്.
മൂലയിൽ മൊയ്തീൻ കുഞ്ഞിയുടെയും, ഉമ്മാലി ഉമ്മയുടെയും പത്താമത്തെ മകനായ റഹ്മാൻ മാഷ്
ഉദുമ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കാസർകോട് ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് മലയാളത്തിൽ എം.എ. ബിരുദം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ടെലിവിഷൻ പ്രൊഡക്ഷനിൽ പി.ജി. ഡിപ്ലോമയും കരസ്ഥമാക്കി.
കുറച്ചു കാലം ട്രാഫിക് സെൻസസ്സിൽ എന്യൂമറേറ്ററായിരുന്നു. ലാന്റ് ട്രിബ്യൂണലിൽ പകർപ്പെഴുത്ത് ഗുമസ്തനായും, താലൂക്ക് ഓഫീസിൽ ക്ലാർക്കായും ജോലി ചെയ്തു. ഒരു വർഷം ഫാറൂഖ് കോളേജിൽ ലക്ചറർ. തുടർന്ന് കേരളത്തിലെ ആറ് ഗവ. കോളേജുകളിൽ മലയാളം ലക്ചററായി ജോലി ചെയ്തു. അഞ്ചു വർഷം ഗൾഫിൽ അദ്ധ്യാപകൻ.
‘തള’ എന്ന നോവലിന് കാലിക്കറ്റ് സർവ്വകലാശാല അവാർഡും, ‘മഹല്ല്’ എന്ന നോവലിന് മാമ്മൻ മാപ്പിള അവാർഡും ലഭിച്ചിട്ടുണ്ട്. ‘മൂന്നാം വരവ്’, ‘കുലചിഹ്നം’, ‘ദലാൽ സ്ട്രീറ്റ്’, ‘കടൽ കൊണ്ടു പോയ തട്ടാൻ’, ‘ഉന്മാദികളുടെ പൂന്തോട്ടം’, എന്നീ കഥാസമാഹാരങ്ങളും, ‘ആടും മനുഷ്യരും’ (എഡിറ്റർ), ‘ബഷീർ കാലം ദേശം സ്വത്വം’ (എഡിറ്റർ), ‘ചാലിയാർ അതിജീവന പാഠങ്ങൾ’ (എഡിറ്റർ), ‘ബഷീർ ഭൂപടങ്ങൾ’, ‘പ്രവാസിയുടെ യുദ്ധങ്ങൾ’, ‘ഒപ്പു മരം’ (ചീഫ് എഡിറ്റർ) എന്നീ ലേഖന സമാഹാരങ്ങളും, ‘ബഷീർ ദ മാൻ’, ‘കോവിലൻ എന്റെ അച്ഛാച്ഛൻ’ എന്നീ തിരക്കഥകളുമാണ് പ്രസിദ്ധപ്പെടുത്തിയ കൃതികൾ.
‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററിക്ക് 1987 – ലെ ദേശീയ അവാർഡ്, കേരള സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടക്കാരനായ അറബി വംശജൻ തലാൽ മൻസൂറിനെപ്പറ്റി അതേ പേരിൽ ഖത്തറിൽ വെച്ച് ഒരു ഡോക്യുമെന്ററി പൂർത്തിയാക്കി.
കാസർകോട്ടെ എൻഡോസൽഫാൻ കീട നാശിനി പ്രയോഗത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന ‘അര ജീവിതങ്ങൾക്കൊരു സ്വർഗ്ഗം’ എന്ന ഡോക്യുമെന്ററി, ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത എം.ടി. യുടെ ‘കുമര നെല്ലൂരിലെ കുളങ്ങൾ’ (ഇന്ത്യൻ പനോരമ എൻട്രി) അടക്കം ആകെ പന്ത്രണ്ട് ഡോക്യുമെന്ററികൾ ചെയ്തു.
സംസ്ഥാന ദേശീയ ചലച്ചിത്ര ജൂറികളിൽ അംഗമായിട്ടുണ്ട്. മൊഗ്രാലിലെ പാട്ട് കൂട്ടായ്മയെപ്പറ്റിയുള്ള ‘ഇശൽ ഗ്രാമം വിളിക്കുന്നു’ എന്ന ഡോക്യുമെന്ററിക്ക് 2006 – ലെ ടെലിവിഷൻ അവാർഡ് ലഭിച്ചു. ‘കോവിലൻ എന്റെ അച്ഛാച്ഛൻ’ എന്ന ഡോക്യുമെന്ററിക്ക് 2006 – ലെ സംസ്ഥാന അവാർഡും ലഭിച്ചു. ഡോ. ടി.പി. സുകുമാരൻ അവാർഡ്, പ്രൊഫ. ഗംഗാ പ്രസാദ് പരിസ്ഥിതി അവാർഡ്, എസ്.എസ്.എഫ് സാഹിത്യ വേദി അവാർഡ്, എം.എസ്.എം പരിസ്ഥിതി അവാർഡ് എന്നിവ നേടി. 2015 – ൽ കണ്ണൂർ സർവ്വകലാശാല മനുഷ്യാവകാശ പ്രവർത്തനത്തിന് ‘ആചാര്യ’ അവാർഡ് നൽകി ആദരിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിന് 2016 – ലെ ഓടക്കുഴൽ അവാർഡും ലഭിച്ചു.
അരീക്കോട് എസ്.എസ്. സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന കവയിത്രിയും, ചിത്രകാരിയുമായ ഡോ. സാഹിറ റഹ് മാൻ സഹധർമ്മിണിയാണ്. മകൻ: ഈസ റഹ് മാൻ.
മരുമൾ: ഷെറിൻ ഈസ, ആർക്കിടെക്റ്റും, ചിത്രകാരിയുമാണ്.