കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചാമത് ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ സമാപിച്ചു. മൊബൈൽ യൂണിറ്റുകളിലൂടെ 250000 ആളുകൾക്കാണ് വാക്സിനേഷൻ നൽകിയത്. പ്രൈമറി ഹെൽത്ത് കെയറിനുള്ള സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറും ആരോഗ്യ മന്ത്രാലയത്തിലെ മൊബൈൽ ഇമ്മ്യൂണൈസേഷൻ യൂണിറ്റ് ടീം മേധാവിയുമായ ഡോ. ദിന അൽ ദുബൈബ് ആണ് ഇക്കാര്യം അറിയിച്ചത്. കർഷകരും തൊഴിലാളികളും ധാരാളമുള്ള വഫ്ര, അബ്ദാലി മേഖലകളിലെ വാക്സിനേഷൻ ക്യാമ്പയിൻ വളരെ വേഗം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ കാമ്പെയ്‌ൻ ആരംഭിച്ചതു മുതൽ ഏകദേശം 3000 കിടപ്പുരോഗികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.