ഇനി പരിശോധിക്കാൻ ഉള്ളത് ഇരുപതിനായിരത്തോളം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ മാത്രം

0
14

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മടങ്ങിയെത്തുന്നതിനായി പ്രവാസികൾ സമർപ്പിച്ച
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പുരോഗമിക്കുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗസ്ത് 15 വരെയുള്ള കണക്കുകളനുസരിച്ച് 20,000 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിശോധിക്കാന്‍ ഇനി ബാക്കിയുള്ളത്.
കൂടുതല്‍ ഓഡിറ്റിംഗ് സംഘങ്ങളെ നിയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധന വേഗത്തിൽ ആക്കുന്നത്. പരിശോധിച്ചവയില്‍ 36 ശതമാനത്തിലേറെ സര്‍ട്ടിഫിക്കറ്റുകളും നിരസിക്കപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

ഇതിനകം 1,65,145 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ആപ്പിലുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയില്‍ 1,44,768 സര്‍ട്ടിഫിക്കറ്റുകളില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി. ഇവയില്‍ 91,805 സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചപ്പോള്‍ 52,963 എണ്ണം പല കാരണങ്ങളാല്‍ നിരസിക്കപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റില്‍ അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചതും വാക്‌സിനേഷനുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഇല്ലാത്തതും വിവരങ്ങള്‍ ശരിയാണോ എന്ന് ഓണ്‍ലൈനായി പരിശോധിക്കുന്നതിനുള്ള ക്യുആര്‍ കോഡ് ഇല്ലാത്തതുമൊക്കെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെടാനുണ്ടായ കാരണങ്ങളില്‍ ചിലത്.