കുവൈത്ത് സിറ്റി: വാക്‌സിന്‍ എടുക്കാത്ത പ്രവാസികള്‍ക്കും കുവൈത്തി പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൊവിഡ് എമര്‍ജന്‍സിക്കായുള്ള മന്ത്രിതല സമിതിയും ആരോഗ്യ മന്ത്രാലയവും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണിത്. ഇതുപ്രകാരം ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും നിബന്ധനകളോടെ നേരിട്ടുള്ള പ്രവേശനം അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പൊതുവായ നിബന്ധനകള്‍ എന്തെല്ലാം?
– ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുകയുള്ളൂ.
– എന്നാല്‍ കുവൈറ്റ് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്‌സിനുകളായ സിനോഫാം, സിനോവാക്, സ്പുട്‌നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു അധിക ഡോസ് സ്വീകരിക്കണം.
– കുവൈറ്റില്‍ നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്.
– കുവൈറ്റിന് പുറത്തു വച്ച് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോസ്‌പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്‌സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയണം.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍,
– കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്.
– ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍.
– കുവൈറ്റില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ വേഗത്തില്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവര്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അതുമുതല്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
– കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്.
– ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍.
– ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും.
– കുവൈറ്റില്‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം. മുസാഫിര്‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്‌ക്കേണ്ടത്.