സൗദിയിൽ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവർക്ക് ക്ലാസ്സില്‍ പ്രവേശനമില്ല, ഇവർ അവധിയെടുത്തതായി കണക്കാക്കും

0
32

റിയാദ്: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുൻപായി കർശന നിർദ്ദേശവുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ആഗസ്ത് 29 മുതൽ സെക്കന്ററി, യൂനിവേഴ്‌സിറ്റി തലത്തിൽ ക്ലാസുകൾ ആരംഭിക്കും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ക്ലാസ്സില്‍ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, അവരെ ആബ്‌സന്റായിട്ടാണ് കണക്കാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. അതേസമയം, അവര്‍ക്ക് വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവസരം നൽകും.

​ വാക്സിനേഷൻ പൂർത്തീകരിച്ച് ക്ലാസ്സില്‍ തിരിച്ചെത്തിയാല്‍ മാത്രമേ അവര്‍ക്ക് ഹാജര്‍ നല്‍കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കാണ് നിയമം ബാധകം. രാജ്യത്തെ അര്‍ഹരായ 93 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. 37 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഡോസും നല്‍കി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ 85 ശതമാനത്തിന് ആദ്യഡോസും 59 ശതമാനത്തിന് രണ്ടാം ഡോസും ലഭിച്ചു. 3.31 ലക്ഷം അധ്യാപകര്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി പരിശീലനം നല്‍കിയതെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കാലത്ത് വിദ്യാഭ്യാസ പ്രക്രിയ അത്ര എളുപ്പമല്ലെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വെല്ലുവിളികളെ മാറ്റത്തിനും പുരോഗതിക്കുമുള്ള അവസരങ്ങളാക്കി മാറ്റാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.