കുവൈത്തിൽ പ്രവാസികള്‍ക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികള്‍ക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി അധികൃതർ നിയമ ഭേദഗതി വരുത്തിയേക്കും എന്നാണ് പുറത്തുവരുന്ന വിവരം. നിയമഭേദഗതിയിലൂടെ ഒരാള്‍ക്ക് സ്വകാര്യ ആവശ്യത്തിന് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.നിലവിലെ നിയമത്തില്‍ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് നിയന്ത്രണമില്ല അത് വലിയ തോതിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നൂറോളം പ്രവാസികള്‍ ഓരോരുത്തരുടെയും പേരില്‍ അമ്പതിലേറെ കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉപയോഗിച്ച
കാറുകള്‍ വലിയ ലാഭത്തിന് മറിച്ച് വില്‍ക്കുന്നതായാണ് ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടറേറ്റ് ജനറലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. വില്‍പ്പനയ്‌ക്കൊപ്പം അനധികൃതമായി വാഹനങ്ങള്‍ ലീസിന് നല്‍കുന്നതായും ശ്രദ്ധയില്‍ പെടുകയുണ്ടായി. ഏതാനും മാസത്തേക്കോ വര്‍ഷത്തേക്കോ ലീസിന് നല്‍കി വലിയ തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. കാര്‍ വില്‍പ്പനയ്‌ക്കോ ലീസിംഗിനോ ആവശ്യമായ വാണിജ്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാതെ അനധികൃതമായി നടക്കുന്ന കച്ചവടം കാരണം സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട വന്‍ തുകയാണ് നഷ്ടപ്പെടുന്നതെന്നും അധികൃതര്‍ കണ്ടെത്തി.

രാജ്യത്തെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് നൂറുകണക്കിന് പ്രവാസികളുടെ പേരില്‍ നിരവധി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ ഇറക്കുന്നവരില്‍ നിന്ന് നിശ്ചിത തുക ഫീസായി ഈടാക്കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.