കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ അനുബന്ധ സ്ഥാപനമായ ഫിച്ച് സൊല്യൂഷൻസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കുവൈത്ത് സമ്പദ്‌വ്യവസ്ഥ 2024 വരെ മെച്ചപ്പെട്ടില്ല. 2020 ൽ കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്ന് ഏജൻസി നേരത്തെ പ്രവചിച്ചിരുന്നു, പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന ഉൽപാദന നിലവാരം 2024 വരെ പുനസ്ഥാപിക്കപ്പെടില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കുവൈത്തിന്റെ ദീർഘകാല കാഴ്ചപ്പാട് ദുർബലമാണെന്നും സാമ്പത്തിക വികാസത്തിന്റെ സുപ്രധാന ചാലകമായ കയറ്റുമതിയുടെ വളർച്ച വരും വർഷങ്ങളിൽ മന്ദഗതിയിലാകുമെന്നാണ് കണ്ടെത്തൽ. അതോടൊപ്പം സർക്കാരും ദേശീയ അസംബ്ലിയും തമ്മിലുള്ള അസ്വാരസ്യം 2022 വരെ തുടരുമെന്നും ഇത് നയരൂപീകരണത്തിലെ തുടർച്ചയായ സ്തംഭനാവസ്ഥയ്ക്ക് വഴിവയ്ക്കുമെന്നും ഫിച്ച് സൊല്യൂഷൻസ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ഈ വർഷം പൊതു കടം നിയമം പാസാക്കുമെന്നും റിപ്പോർട്ടിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.