കുവൈത്തിലെ ഇന്ത്യൻ നഴ്സുമാരുമായി അംബാസഡർ ആശയവിനിമയം നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരുമായി ആശയവിനിമയം നടത്തി. പകർച്ചവ്യാധിയുടെ പ്രതികൂല സാഹചര്യത്തിൽ പ്രവാസി സമൂഹവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തുടർച്ചയായി എംബസി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. കുവൈത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യൻ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും, പ്രത്യേകിച്ച് ഇന്ത്യൻ നഴ്സുമാർക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി.
കോവിഡ്നെതിരായി മുൻപന്തിയിൽ നിന്ന് പോരാടി ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് അവരോരോരുത്തരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിൽ മാത്രമല്ല, പ്രതിരോധ ആരോഗ്യ പരിരക്ഷ നൽകുന്നതിലും, വാക്സിനേഷൻ ക്യാമ്പയിൻ്റെ വിജയം ഉറപ്പുവരുത്തുന്നതിലും ഇന്ത്യൻ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്ക് അംബാസഡർ ഊന്നിപ്പറഞ്ഞു.കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നത് തുടരണമെന്നും പ്രതിരോധ കുത്തിവയ്പ്പിനായി ഇതുവരെ രജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരെയും എത്രയും വേഗം രജിസ്ട്രേഷൻ നടത്താൻ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തിരിച്ചുവരവ് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളും ചർച്ചയിൽ പ്രതിപാദിച്ചു.