കുവൈത്തിൽ വാക്സിൻ രജിസ്റ്റ്രേഷൻ ചെയ്ത എല്ലാവർക്കും ഒരു മാസത്തിനകം വാക്‌സിന്‍ നൽകും

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനായി രജിസ്റ്റര്‍ ചെയ്തവരും വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരുമായ മുഴുവന്‍ ആളുകള്‍ക്കും ഒരുമാസത്തിനകം വാക്സിന്‍ ലഭ്യമാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ മികച്ച രീതിയിലാണ് രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുന്നത്, ഇതേ രീതിയിൽ വാക്‌സിൻ രജിസ്‌ട്രേഷനും വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസത്തോടെ 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തിലെ 70 ശതമാനം ആളുകളും ഇതിനകം വാക്സിന്‍ സ്വീകരിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപിനവുമാായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി

അതേസമയം, രാജ്യത്തെ മിക്കവാറും ആളുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമായിക്കഴിഞ്ഞ സ്ഥിതിക്ക് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം അടുത്ത മാസം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ മന്ത്രാലയം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെ ശാരീരിക പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഏത് വാക്‌സിന്‍ ലഭിച്ചവര്‍ക്കും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.