കോഴിക്കോട്: നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്.മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചതോടെയാണ് നിപയാണെന്ന് സ്ഥിരീകരിച്ചത് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. രണ്ടാം ശ്രവ പരിശോധനാ റിപ്പോർട്ട് കൂടെ ലഭിക്കേണ്ടതുണ്ട്. അതേസമയം, വൈറസ് ബാധയുടെ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റേയോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. എത്തിയാലുടൻ ഉന്നതതല യോഗം ചേരും. പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്ര സംഘവും കോഴിക്കോട്ടേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിന് പിന്നാലെ, മന്ത്രി മാധ്യമങ്ങളെ കാണുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ബന്ധുക്കളെയും അയല്‍വാസിയെയും നിരീക്ഷണത്തിലാക്കി. വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ചു. കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും. മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്ര വിദഗ്ധസംഘവും കോഴിക്കോട്ടെത്തും. 2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്ട് 18 പേരാണ് നിപ ബാധിച്ച് മരിച്ചത്.