കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന അഴിമതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭൂരിപക്ഷം പേര്‍ക്കും ഭയമാണെന്ന് പഠനം. കുവൈത്ത് ട്രാന്‍സ്പാരന്‍സി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അല്‍ റായ് പത്രമാണ് സൊസൈറ്റിയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്
അഴിമതി റിപ്പോര്‍ട്ട് ചെയ്താലുണ്ടാവുന്ന പ്രത്യാഘാതം ഭയന്ന് പലരും അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്.
അഴിമതി റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ തങ്ങള്‍ക്ക് വ്യക്തിപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയുണ്ടെന്ന് കരുതുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും. സ്വദേശികളായാലും വിദേശികളായാലും സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതിന്റെ കാരണവും ഇതാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 618 കുവൈറ്റ് സ്വദേശികളും 87 പ്രവാസികളും ഉള്‍പ്പെടെ 705 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന അഭിപ്രായക്കാരാണ് 49 ശതമാനം പേരും