കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരത്തിൽ നിന്ന് ഉയർത്തുന്നകാര്യം പരിഗണനയിലുള്ളതായി സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷനിലെ ഓപ്പറേഷൻസ് ഡയറക്ടർ, മൻസൂർ അൽ-ഹാഷെമി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ അധികൃതർ മന്ത്രിമാരുടെ കൗൺസിലുമായി സഹകരിച്ച് പഠനം നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ കൂടെ പരിഗണിച്ചാണ് നടപടി. സിവിൽ ഏവിയേഷൻ അനുമതികൾക്കനുസൃതമായി ഫ്ലൈറ്റുകൾ പുനക്രമീകരിക്കുന്നുണ്ട്, ഇന്നലെ ഈജിപ്തിൽ നിന്ന് 8 ഫ്ലൈറ്റുകളും ഇന്ത്യയിൽ നിന്ന് 5 ഫ്ലൈറ്റുകളും കുവൈത്തിൽ എത്തിച്ചേർന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങൾക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകളും അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നടപടിക്രമങ്ങൾക്കനുസൃതമായാണ് വിമാനങ്ങൾ സ്വീകരിക്കുന്നത്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഡോസുകൾ ഉപയോഗിച്ച് വാക്സിനേഷൻ സ്വീകരിച്ചവരും “മോസഫർ”, “ശ്ലോനിക്” തുടങ്ങിയ ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത യാത്രക്കാരെ സ്വീകരിക്കാനാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.