കൊവിഡ് മരണത്തില്‍ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍

കൊവിഡ് മരണത്തില്‍ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ വെച്ച് മരണപ്പെട്ടാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് പുതുക്കിയ മാര്‍ഗരേഖ. നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കൊവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാലായിരുന്നു കൊവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു. ഇത് പുതുക്കി 30 ദിവസമായി ദീര്‍ഘിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

കൊവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, എന്നിവ കൊവിഡ് മരണമായി കണക്കാക്കാനാകില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു. ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാര്‍ഗരേഖ പുതുക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകളിലൂടെയായിരിക്കും കൊവിഡ് സ്ഥിരീകരിക്കുക.