സൗദിയിൽ പ്രവാസികൾക്കുള്ള ലെവിസമ്പ്രദായം പുനപരിശോധിക്കണമെന്ന് ആവശ്യം

0
13

മനാമ: പ്രവാസികളുടെ സ്ഥാപനങ്ങൾക്ക് ഏര്‍പ്പെടുത്തിയ ലെവി സമ്പ്രദായം പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി സൗദിയിലെ ശൂറാ കൗണ്‍സില്‍ രംഗത്തെത്തി. നിലവിലെ കോവിഡ് സാഹചര്യത്തിൽ വന്‍ തുക ലെവിയായി ഈടാക്കുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായാണ് ശൂറാ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ സംവിധാനം പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ലെവി അടക്കമുള്ള ഭരണപരമായ നയങ്ങള്‍ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഇത്തരം ഭരണപരമായ നടപടികളില്‍ പുനരാലോചന വേണം. സ്ഥാപനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന നയങ്ങള്‍ ഉണ്ടാകണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

2017 ജൂലായ് ഒന്നു മുതലാണ് ലെവി സമ്പ്രദായം ഏര്‍പ്പെടുത്തിയത്.കൂടുതല്‍ സൗദി ജീവനക്കാരെ ജോലിക്കു വെക്കുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ആദ്യ വര്‍ഷം 100 റിയാലായിരുന്ന ലെവി പിന്നീട് സൗദി ജീവനക്കാരുടെ കുറവിനസൃതമായി ഇത് ഉയര്‍ത്തി. ഇന്‍ഷൂറന്‍സും അനുബന്ധ ഫീസുകളുമടക്കം ലെവി തുകയായി ഒരു വിദേശ തൊഴിലാളിക്ക് എതാണ്ട് പന്ത്രണ്ടായിരത്തോളം റിയാലാണ് നിലവില്‍ ചെലവ് വരുന്നത്. രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ വരും. ചെറു സ്ഥാപനങ്ങളിലുള്ള ലെവി വ്യക്തികള്‍ തന്നെ വഹിക്കേണ്ടി വരുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും അവരുടെ സ്ഥാപനം ഈ തുകയടക്കാറാണ് രീതി. ഫലത്തില്‍ കൂടുതല്‍ വിദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് വന്‍തുക ലെവി ഇനത്തില്‍ അടക്കേണ്ടി വരുന്നു. ഇത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനാണ് ബന്ധപ്പെട്ട വകുപ്പുകളോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.