താലിബാനിൽ ചേരാൻ പെൺകുട്ടി വീടുവിട്ട സംഭവം; പിതാവിനെ ഭയപ്പെടുത്താനായിരുന്നുവെന്ന് പെൺകുട്ടി

കുവൈത്ത് സിറ്റി: പാകിസ്താനി പെൺകുട്ടി
താലിബാനില്‍ ചേരുമെന്ന സന്ദേശമയച്ച് കുവൈത്തിലെ വീടുവിട്ടിറങ്ങിയത് പിതാവിനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എന്ന് മൊഴി. പ്രായപൂർത്തിയാകാത്ത മകള്‍ താലിബാനില്‍ ചേരുമെന്നും ഇസ്രായേലില്‍ ചാവേര്‍ സ്ഫോടനം നടത്തുമെന്നും പറഞ്ഞ് തനിക്ക് വാട്സ്ആപില്‍ മെസേജ് അയച്ചതായി പിതാവാണ് കുവൈത്തിലെ ഖൈതാന്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ഖൈതാനില്‍ നിന്നുതന്നെയാണ് കണ്ടെത്തിയത്.

തന്റെ പ്രവൃത്തികള്‍ക്ക് കാരണം പിതാവ് തന്നെയാണെന്നും താനും കുടുംബാംഗങ്ങളും വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞതായി അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ പരാതിയെ കുറിച്ചും പോലിസ് അന്വേഷണം നടത്തും. പുതിയ സാഹചര്യത്തില്‍ അനുവാദമില്ലാതെ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍ കുട്ടിയുടെ പേരും പോലിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.