ഗ്ലിംസസ്സ് ഓഫ് ടൈംലസ്സ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി. കാലം മായ്ക്കാത്ത അനുഭവ സ്മരണകൾ കോർത്തിണക്കി ജോയ്സ് സിബി വരച്ചെടുത്ത ഒരു പിടി നല്ല ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
മികച്ച ചിത്രകാരിയും ഒപ്പം കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിൻ്റെ ജീവിത സഖിയുമാണ് ജോയിസ് സിബി. സെപ്തംബർ20 ന് വൈകീട്ട് നടന്ന ചടങ്ങിൽ കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് (NCCAL), സെക്രട്ടറി ജനറൽ കമേൽ അബ്ദുൽ ജലീൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹവും അംബാസഡർ സിബി ജോർജും ചേർന്ന് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകങ്ങളെയും കലാപാരമ്പര്യത്തെയും കുറിച്ച് അംബാസഡർ പ്രസംഗത്തിൽ പറഞ്ഞു. സുപ്രധാനമായ സാംസ്കാരിക നാഗരികതയുടെ പൈതൃകമാണ് ഇന്ത്യയ്ക്കും കുവൈത്തിനും ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളുടെ ക്യാൻവാസ് കൂടുതൽ വിപുലീകരിക്കാനും ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സാധിച്ചതായും വരുംകാലങ്ങളിൽ ഇത്കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു.
ഹവല്ലിയിലെ അൽ മുതാസിം സ്ട്രീറ്റിലുള്ള
കുവൈത്ത് ആർട്സ് അസോസിയേഷനിലാണ് ചിത്രപ്രദർശനം നടക്കുന്നത്. പ്രദർശനം സെപ്തംബർ 20 മുതൽ 30 വരെ പ്രദർശനം നീണ്ടു നിൽക്കും