മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2020-ല്‍ തന്നെ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പൊലീസിന് നല്‍കിയിരുന്നതായി വിവരം. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായും കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇയാള്‍ ബന്ധംപുലര്‍ത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്‍പനയ്ക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മോൻസനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോൻസണെതിരെ എൻഫോഴ്സെമെന്റ് അന്വേഷണം ഡിജിപി ശിപാർശ ചെയ്തിരുന്നു.
വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. മോന്‍സണിന്റെ പിതാവ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് മോന്‍സണിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്. കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് മോന്‍സണ്‍ വിവാഹം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.