കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടെങ്കിലും കൊറോണയെ പ്രതിരോധിച്ച് നിർത്തുന്നതിൻറെ ഭാഗമായി വിവിധ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തനങ്ങളും തുടരേണ്ടതുണ്ട് എന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് പള്ളികൾ ഉൾപ്പെടെയുള്ള അടഞ്ഞ ( വായു സഞ്ചാരം കുറഞ്ഞ) സ്ഥലങ്ങളിൽ ആരോഗ്യ നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും പിന്തുടരേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയ അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കുക , കൈ കഴുകുക, മാസ്ക് ധരിക്കുക എന്നിവ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് തടസ്സമാകില്ലെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അധികൃതർ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ നടപ്പിലാക്കി പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരുമെന്ന് കുവൈത്ത് ഫത്വ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.